ഭാര്യയും കുട്ടികളുമുള്ള യുവാവിനെ പ്രണയിച്ചു; ഒപ്പംകൂട്ടണമെന്ന ആവശ്യത്തില്‍ ഗായത്രിക്ക് സംഭവിച്ചത്

തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രി (25)യെ കൊല്ലം സ്വദേശി പ്രവീണ്‍ ആണ് കൊലപ്പെടുത്തിയത്. ഗായത്രിയുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. 2021ല്‍ തിരുവനന്തപുരം വെട്ടുകാട് പള്ളിയില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.

2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറി വാടകക്ക് എടുത്ത് ഗായത്രിയെ അവിടേയ്ക്കു കൊണ്ടുവന്നു. വൈകുന്നേരം അഞ്ച് മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

തമിഴ്‌നാട് തിരുവണ്ണാമലയിലെ ജുവലറിയിലേക്ക് സ്ഥലംമാറി പോകുന്നതിനു മുമ്പ് പ്രശ്നങ്ങള്‍ തീര്‍പ്പാക്കാനെന്നു പറഞ്ഞാണ് ഗായത്രിയെ വിളിക്കുന്നത്. എന്നാല്‍ തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിര്‍ബന്ധംപിടിച്ചു. തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങള്‍ പ്രവീണ്‍ ചെയ്തു. വൈകിട്ട് അഞ്ചരയ്ക്ക് ഹോട്ടല്‍മുറി പൂട്ടിപ്പോയ പ്രവീണ്‍,ഗായത്രിയുടെ ഫോണുമെടുത്തിരുന്നു.

ഈ ഫോണില്‍ നിന്ന് വാട്‌സാപ് സ്റ്റാറ്റസായി പങ്കുവച്ച ഫോട്ടോകള്‍ രാത്രി ഏഴോടെ ‘ലവ് യൂ’ എന്ന തലക്കെട്ടില്‍ പ്രവീണ്‍ ഫേസ്ബുക്കിലിട്ടു.താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തെന്ന് വരുത്താനായിരുന്നു പ്രവീണിന്റെ ശ്രമം.രാത്രിയോടെ ഗായത്രിയുടെ സഹോദരി ജയശ്രീ വിളിച്ചപ്പോള്‍ ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് പ്രവീണ്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.

കൊലപാതകത്തിനുശേഷം ബസില്‍ പരവൂരിലേക്കു മടങ്ങിയ പ്രവീണ്‍,രാത്രി 12.30ഓടെ ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിക്കുകയായിരുന്നു.ഡിജിറ്റല്‍ തെളിവുകളും ശാസ്ത്രീയത്തെളിവുകളും കണ്ടെത്താതിരുന്നെങ്കില്‍ കേസിന്റെ ഭാവി മറ്റൊന്നാകുമായിരുന്നെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.

അന്നത്തെ ഫോര്‍ട്ട് എ.സിയും നിലവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി എസ്.ഷാജി, അന്നത്തെ തമ്പാനൂര്‍ സി.ഐയും നിലവില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ്.സനോജ്,തമ്പാനൂര്‍ എസ്.ഐയും നിലവില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്.രഞ്ജിത്ത്,നേമം എസ്.ഐ എം.സുബിന്‍,ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ എസ്.സി.പി.ഒ ആര്‍.എസ്.സനൂജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *