തിരുവനന്തപുരത്തെ വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം നഗരസഭയുടെ സായാഹ്നമെന്ന വൃദ്ധസദനത്തിലാണ് അപകടമുണ്ടായത്.
വൃദ്ധസദനത്തിൽ 41 അന്തേവാസികളും പത്ത് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല. അടുക്കള പൂർണമായും തകർന്ന നിലയിലാണ്. അതിനാൽ അന്തേവാസികൾക്കാവശ്യമായ ഭക്ഷണം നേരിട്ടെത്തിച്ചുകൊടുക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.



