കാലിക്കച്ചവടത്തില്‍ നിന്ന് വന്‍കിട ലഹരി വില്‍പനയിലേക്ക്; പൊലീസ് കണ്ടെത്തിയത് നോട്ടെണ്ണുന്ന യന്ത്രവും ഡിജിറ്റല്‍ ത്രാസുകളും, ഹനീഫക്ക് കൂട്ട് റെയ്ഹാന

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വന്‍ ലഹരി വേട്ടയില്‍ അറസ്റ്റിലായ മുഹമ്മദ് ഹനീഫ മുന്‍പ് കന്നുകാലി കച്ചവടം ചെയ്തിരുന്നയാളെന്ന് പൊലീസ്. മുക്കം പൂളപ്പോയില്‍ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ഒറീസയില്‍ നിന്ന് ആന്ധ്രയിലേക്ക് കന്നുകാലികളെ ഇറക്കി വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 2.75 കിലോ ഗ്രാം എം.ഡി.എം.എയാണ് ഡാന്‍സാഫ് സംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഹനീഫയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ബേപ്പൂര്‍ സ്വദേശിനി റെയ്ഹാനയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ മുക്കം അഗസ്ത്യന്‍മുഴിയില്‍ വെച്ചാണ് 517 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ ആദ്യം പിടികൂടിയത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ ഈ മിന്നല്‍ നീക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വില്‍പന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരാഴ്ച മുന്‍പാണ് റെയ്ഹാനക്കൊപ്പം ഇയാള്‍ ലഹരി വാങ്ങുന്നതിനായി ഡല്‍ഹിയിലേക്ക് പോയത്. എം.ഡി.എം.എയുമായി തിരിച്ചെത്തി ഇത് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ലഹരി എത്തിക്കാറുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനായി ഹനീഫ നിരന്തരം വിമാന യാത്രകളും നടത്താറുണ്ട്. കോഴിക്കോട്ട് നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനില്‍ വരുന്നതുമാണ് ഇയാളുടെ രീതി.

റെയ്ഹാനയുടെ യാത്രകളും നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസിന് ഇവര്‍ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫയുടെ വാടകവീട്ടില്‍ താമസിക്കുന്നുണ്ടെന്ന കാര്യവും മനസ്സിലായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഈ വീട്ടില്‍ നിന്നും 2.286 കിലോഗ്രാം എംഡിഎംഎ കൂടി പിടികൂടിയത്.

ആറു മാസം മുന്‍പ് ഹനീഫ വാടകയ്‌ക്കെടുത്ത ഈ വീട്ടില്‍ വച്ചാണ് ലഹരി കച്ചവടം നടത്തിയിരുന്നത്. നോട്ടെണ്ണുന്ന യന്ത്രവും ലഹരി പാക്ക് ചെയ്യാനുള്ള കവറുകളും അളക്കുവാനുള്ള ഡിജിറ്റല്‍ ത്രാസുകളും ഉള്‍പ്പെടെ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. സമീപകാലത്തായി ഇയാള്‍ വന്‍തോതില്‍ സാമ്പത്തിക അഭിവൃദ്ധി നേടിയതായും പൂളപ്പൊയിലില്‍ ഒരു റെസ്റ്റോറന്റ് നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *