രാഷ്ട്രീയത്തിരക്കുകളിൽ നിന്ന് മാറി മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിനയരംഗത്തേക്ക്

ന്യൂഡൽഹി: രാഷ്ട്രീയത്തിരക്കുകളിൽ നിന്ന് മാറി മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജനപ്രിയ പരമ്പരയായ ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’യുടെ രണ്ടാം ഭാഗത്തിൽ സ്മൃതി മുൻപ് അവതരിപ്പിച്ച അതേ വേഷത്തിലെത്തുമെന്നാണ് സൂചന. ഇതിനായി സ്മൃതി ഇറാനി കരാറിൽ ഒപ്പുവെച്ചതായും വിവരമുണ്ട്. 150 എപ്പിസോഡുകളാകും പുതിയ പരമ്പരയിൽ ഉണ്ടാവുക.

ക്യുങ്കി സാസ് ഭി കഭി ബഹു ഥി’യുടെ രണ്ടാം ഭാഗത്തിൽ മരുമകൾ വേഷമായ തുളസി വിരാനിയായി അഭിനയിക്കാൻ സ്മൃതി സമ്മതം മൂളിയെന്നും ഈ മാസം എട്ടിന് കരാർ ഒപ്പിട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. കാലത്തിനൊത്ത കഥപറച്ചിൽ ശൈലിയിലായിരിക്കും പരമ്പരയെത്തുക. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഷോകളിൽ ഒന്നാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു തി’. ശോഭ കപൂർ, ഏക്താ കപൂർ എന്നിവർ ചേർന്നാണ് ഈ പരമ്പര നിർമിച്ചത്.

2000 മുതൽ 2008 വരെയാണ് പരമ്പര സംപ്രേഷണം ചെയ്തത്. തുടർച്ചയായി ഏഴ് വർഷം ടിആർപി റേറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തിരുന്നു. സ്മൃതി ഇറാനി തുടർച്ചയായി അഞചുതവണ മികച്ച നടിക്കുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ നേടിയിരുന്നു. രണ്ട് ഇന്ത്യൻ ടെലി അവാർഡുകളും സ്മൃതി സ്വന്തമാക്കിയിരുന്നു.


2003-ലാണ് സ്മൃതി ബിജെപിയിൽ ചേർന്നത്. 2004-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബിജെപി ദേശീയസമിതിയംഗമായും പ്രവർത്തിച്ചു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയിൽ നിന്ന് വിജയിച്ചു. 2014 മുതൽ 2024 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.2024ല്‍ അമേത്തിയില്‍ നിന്ന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *