സുരേഷ് ഗോപിയുടെ ജയത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് തുറന്നുപറഞ്ഞ ഡിസിസി മുൻ ജനറൽ സെക്രട്ടറി യതീന്ദ്ര ദാസിനെ പുറത്താക്കി

സുരേഷ് ഗോപിയുടെ വിജയത്തിൽ കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കളുടെ പങ്ക് തുറന്നുപറഞ്ഞ ഡിസിസി മുൻ ജനറൽ സെക്രട്ടറി യതീന്ദ്ര ദാസിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. സമൂഹമാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് നടപടി. കോൺഗ്രസിന്‍റെ ഭരണഘടന അനുസരിച്ച് മല്ലികാർജുൻ ഖാർഗെയ്ക്കുപോലും ഇപ്പോൾ പ്രാഥമിക അംഗത്വം ഇല്ലെന്ന് യതീന്ദ്ര ദാസ് പറഞ്ഞു.

2018 ലാണ് അവസാനമായി കോൺഗ്രസ് മെമ്പർഷിപ്പ് പുതുക്കിയത്. ഭരണഘടന പ്രകാരം മൂന്നുവർഷമാണ് കാലാവധി. തന്നെ പുറത്താക്കിയത് സംഘപരിവാറുകാരെ പ്രീതിപ്പെടുത്താനാണെന്നും യതീന്ദ്രദാസ് തുറന്നടിച്ചു.

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായപ്പോൾ, അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് തൃശൂര്‍ ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറി പി യതീന്ദ്ര ദാസ് പരാമര്‍ശം നടത്തിയത്. മക്കളും ഭാര്യമാരും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ കഴിയുന്ന എത്ര നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നാണ് യതീന്ദ്ര ദാസ് ചോദിച്ചത്.

അഖിലേന്ത്യാ, സംസ്ഥാന നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുന്നത് മാത്രമേ വാര്‍ത്തയാകുന്നുള്ളൂ. പ്രാദേശിക നേതാക്കളുടെ പോക്കിന്റെ വല്ല കണക്കും ഹൈക്കമാൻഡിന്റെ കൈയിലുണ്ടോ എന്നും യതീന്ദ്രദാസ് ചോദിച്ചിരുന്നു. ഫോണിലൂടെ പാർട്ടിയെ സംബന്ധിച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞ പാലോട് രവിയുടെ രാജി എ‍ഴുതി വാങ്ങിയതിന് പിന്നാലെയാണ് സമാന നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *