ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ നായകൻ തമീം ഇഖ്‌ബാലിനെ നെഞ്ചുവേദനയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരം. ടൂർണമെന്റിൽ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36കാരനായ തമീം. ഷൈൻപൂർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതമുണ്ടായത്. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിലെ പരിശോധനയ്‌ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങണമെന്ന് തമീം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മടങ്ങുംവഴി ആംബുലൻസിൽ വച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. താരത്തെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.2023 ജൂലായിൽ നടത്തിയ പത്രസമ്മേളനത്തിനിടെ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വർഷം ജനുവരിയിൽ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി