ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖയുണ്ടാക്കി; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍

0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകനും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ. സുകാന്ത് ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു.


വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയിൽ ആണ് ഉദ്യോഗസ്ഥ ഗര്‍ഭഛിദ്രം നടത്തിയത്. സ്വകാര്യ ആശുപത്രിയിലായിരുന്നു അബോർഷൻ നടന്നത്. ഈ സംഭവത്തിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹത്തിന് സമ്മതമല്ലെന്ന് കാണിച്ച് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് ഇയാൾ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് ഇന്ന് കോടതായില്‍ റിപ്പോര്‍ട്ട് നല്‍കും.ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്നലെയാണ് സുകാന്തിനെ കേസിൽ പ്രതി ചേർത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യം പേട്ട പൊലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ സുകാന്തിനെതിരെ ഗുരുതര വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം ഐബിയെ അറിയിച്ചു. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും

ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെ പ്രതി ചേർത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here