ജഡ്ജിയുടെ വസതിയില്‍ തീപിടിത്തം; കണ്ടെത്തിയത് പണക്കൂമ്പാരം

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് കണക്കില്‍പെടാത്ത കെട്ടുകണക്കിനു പണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ജഡ്ജിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ 14 നു രാത്രിയുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പണക്കൂമ്പാരം കണ്ടെത്തിയത്.
15 കോടി രൂപ കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. ആഭ്യന്തര അന്വേഷണം അന്വേഷണം തുടങ്ങിയ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യയോട് റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അലഹബാദ് ഹൈക്കോടതിയിലേക്കു തിരിച്ചയയ്ക്കാനും ശിപാര്‍ശ ചെയ്തു. അതേസമയം, സ്ഥലം മാറ്റത്തിന് ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധമില്ലെന്നു സുപ്രീം കോടതി പിന്നീട് വിശദീകരിച്ചു.
തീപിടിത്തമുണ്ടായപ്പോള്‍, ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സ്ഥലത്തില്ലായിരുന്നു. കുടുംബാംഗങ്ങള്‍ അഗ്‌നിശമന സേനയെയും പോലീസിനെയും വിളിച്ചു. തീ അണച്ച ശേഷം അകത്തു കടന്നവര്‍ ഒരു മുറിക്കുള്ളില്‍ വന്‍ തുക കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. പോലീസുകാര്‍ ഉടന്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സര്‍ക്കാര്‍ വൃത്തങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും വിവരം കൈമാറി. സംഭവം ഗൗരവമായെടുത്ത ചീഫ് ജസ്റ്റിസ് അടിയന്തരമായി കൊളീജിയം യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. ജസ്റ്റിസ് വര്‍മയെ അടിയന്തരമായി സ്ഥലം മാറ്റണമെന്നായിരുന്നു കൊളീജയത്തിന്റെ ഏകാഭിപ്രായം.
അതേസമയം, ജുഡീഷ്യറിയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുന്ന സംഭവമാണിതെന്നും അതിനാല്‍ ജസ്റ്റിസ് വര്‍മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് അഞ്ചംഗ കൊളീജിയത്തിലെ ചിലര്‍ നിര്‍ദേശിച്ചു. വിസമ്മതിച്ചാല്‍, ജസ്റ്റിസിനെ നീക്കുന്നതിനുള്ള ആദ്യപടിയായി ആഭ്യന്തര അന്വേഷണം തുടങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ശിക്ഷാപരമായ സ്ഥലംമാറ്റം മതിയാകില്ലെന്നും ജഡ്ജിക്കെതരേ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതായാണു സൂചന. അതിനിടെ, ജസ്റ്റിസ് വര്‍മ്മ ഇന്നലെ കോടതിയില്‍ ഹാജരായില്ല. അദ്ദേഹം അവധിയിലാണെന്ന് കോടതി ജീവനക്കാര്‍ പറഞ്ഞു.
ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കൂടിയായ യശ്വന്ത് വര്‍മ്മ നികുതി സംബന്ധമായ കേസുകളാണ് പരിഗണിക്കുന്നത്. മധ്യപ്രദേശിലെ രേവ സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് വര്‍മ 1992 ലാണു അഭിഭാഷകനായി എന്റോള്‍ ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 2013 ല്‍ സീനിയര്‍ അഭിഭാഷകനായി.
നിലവില്‍ ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയാണ്.
2014-ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ്മ 2021-ലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തുന്നത്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എ.എന്‍. വര്‍മ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *