‘രാഷ്ട്രീയ പകയോടെയുള്ള എഫ്‌ഐആര്‍’; പൊലീസിനും മുഖ്യമന്ത്രിക്കും എതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: കെ.എസ്.യു നേതാക്കളെ മുഖംമൂടിയും കയ്യാമം വെച്ചും കോടതിയില്‍ ഹാജരാക്കിയ നടപടിക്കെതിരെ കോണ്ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ഒരു സംഘടനയുടെ നേതാക്കളെ തീവ്രവാദികളെപോലെ മുഖം മൂടി, കയ്യാമം വെച്ച് കൊണ്ട് പോകും, ബാക്കിയുള്ള സമരനേതാക്കള്‍ കരുതി ഇരുന്നോ എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നുവെന്ന് ഗരിമകൊള്ളുന്ന ആളാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇത് കേരളം കാണും. മുഖം മൂടിയും കയ്യാമം വെച്ചും കൊണ്ട് പോകുന്നത് ഏതെങ്കിലും രാജ്യ ദ്രോഹികളെയോ തീവ്രവാദികളെയോ അല്ല, KSU എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കന്മാരെയാണ്. ആ മുന്നില്‍ നില്ക്കുന്ന ഉദ്യോഗസ്ഥന്‍ കുന്നംകുളത്ത് സുജിത്തിനെ സ്റ്റേഷനിലിട്ട് മര്‍ദിക്കുമ്പോള്‍ അവിടുത്തെ SHO ആയിരുന്ന ഷാജഹാനാണ്. ഇത് ഒരു ഷാജഹാന്റെ നയമല്ല, മറിച്ച് ഈ സര്‍ക്കാരിന്റെ നയമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു എന്ന് ഗരിമ കൊള്ളുന്ന ആളാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് മറക്കരുത്.

ആ വ്യക്തി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പിലാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. എന്താണ് ഈ സര്‍ക്കാര്‍ പറഞ്ഞു വെക്കുന്നത് ? സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ഒരു സംഘടനയുടെ നേതാക്കളെ തീവ്രവാദികളെ കണക്ക് മുഖം മൂടി കയ്യാമം വെച്ച് കൊണ്ട് പോകും, ബാക്കിയുള്ള സമരനേതാക്കള്‍ കരുതി ഇരുന്നോ എന്നാണോ? അത്തരം ഭയം കേരളത്തിലെ ഏതെങ്കിലും ഒരു KSU ക്കാരന് പോലുമില്ലായെന്ന് സര്‍ക്കാര്‍ മറക്കണ്ട…

രാഷ്ട്രീയ പകയോടെ ചമക്കെപ്പെട്ട FIR ലെ വകുപ്പുകള്‍ക്ക് ഇവരുടെ സമര വീര്യത്തെ തകര്‍ക്കാനാകില്ല. ഈ കാഴ്ച്ച കാണുന്ന ഈ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന ഈ നാട് കാണും. ഈ തോന്നിവാസം എല്ലാം കാണിക്കുന്ന ലാത്തിയിലും തൊപ്പിയിലും, അത് അണിഞ്ഞവര്‍ തരുന്ന സല്യൂട്ടിലും അഭിരമിക്കന്നവരോട് ഓര്‍മ്മിപ്പിക്കുന്നു ഇതൊക്കെ ജനം കാണുന്നുണ്ട്. ആ സല്യൂട്ട് തരുന്ന പദവികള്‍ അവര്‍ക്ക് തിരിച്ചെടുക്കാന്‍ അധികം ആലോചനകള്‍ വേണ്ടി വരില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *