കല്ലമ്പലം എംഡിഎംഎ കേസ്;രാസലഹരി വാങ്ങിയ യുവനടൻമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കല്ലമ്പലം എംഡിഎംഎ കേസിൽ സിനിമാ താരങ്ങൾ ചോദ്യമുനയിലേക്ക്. സഞ്ജുവിൽ നിന്ന് രാസലഹരി വാങ്ങിയ യുവനടൻമാരെ ഉൾപ്പെടെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഒമാൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഇന്നലെ എയർപോർട്ടിലടക്കം തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.
ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് ‘ഡോൺ’ സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്.
സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവരും പിടിയിലായിരുന്നു. പ്രതികൾ വിമാനത്താവളത്തിൽ നിന്ന് ഇന്നോവ കാറിൽ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനിൽ ഇവർ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.
ഡോൺ സഞ്ജു സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് അറിയിച്ചത്. 2023ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.