ക്രൂയിസ് കപ്പലിൽ നിന്ന് വീണ മകളെ രക്ഷിക്കാൻ അച്ഛൻ കടലിൽ ചാടി

പെൺമക്കൾക്ക് എപ്പോഴും അവരുടെ അച്ഛൻ ഹീറോ ആയിരിക്കും. ഇവിടെയിതാ ഒരു അച്ഛൻ മകളുടെ ജീവൻ രക്ഷിക്കാൻ കടലിൽ ചാടിയ വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഡിസ്നി ഡ്രീം ക്രൂയിസ് കപ്പലിൽ നിന്ന് വീണ മകളെ രക്ഷിക്കാൻ ആണ് അച്ഛൻ കടലിലേക്ക് എടുത്ത് ചാടിയത്. പെൺകുട്ടി നാലാമത്തെ ഡെക്കിൽ നിന്ന് വെള്ളത്തിലേക്ക് വീണുവെന്നും ഉടൻ തന്നെ അച്ഛൻ പിന്നാലെ അവളെ രക്ഷിക്കാൻ ചാടിയെന്നും ആണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹീറോ ആയി മാറിയിരിക്കുകയാണ് അച്ഛൻ.
ബഹാമാസിനു ചുറ്റും നാല് രാത്രി യാത്ര കഴിഞ്ഞ് ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ.പെൺകുട്ടിയുടെ അച്ഛൻ റെയിലിംഗിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെയാണ് പെൺകുട്ടി വീണതെന്ന് യാത്രക്കാർ പറഞ്ഞു. ഉടൻ തന്നെ കപ്പലിലെ ജീവനക്കാർ മുന്നറിയിപ്പ് നൽകി. ക്യാപ്റ്റൻ ഉടൻ തന്നെ കപ്പലിന്റെ വേഗത കുറച്ചു, രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രൂ അംഗങ്ങൾ ജീവൻ രക്ഷിക്കാനുള്ള ഉപകരണങ്ങൾ വെള്ളത്തിലേക്ക് എറിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ, ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള മകളെ അച്ഛൻ വെള്ളത്തിൽ പിടിച്ച് പത്ത് മിനിറ്റിലധികം കിടക്കുന്നത് കാണാം. രക്ഷാ ബോട്ട് എത്തി അവരെ സുരക്ഷിതമായി കപ്പലിൽ എത്തിച്ചപ്പോൾ കപ്പലിൽ നിന്ന് നോക്കിനിന്ന യാത്രക്കാർ ഉച്ചത്തിൽ ആർപ്പുവിളിക്കുന്നതും കേൾക്കാം.
ഡിസ്നി ഡ്രീമിന് 4,000 പേരെ വരെ വഹിക്കാൻ കഴിയും, കൂടാതെ അതിന്റെ ഡെക്കുകളിൽ സുരക്ഷാ തടസ്സങ്ങളുമുണ്ട്.ഡിസ്നി ക്രൂയിസ് ലൈൻ തങ്ങളുടെ ജീവനക്കാരുടെ വേഗത്തിലുള്ളതും വൈദഗ്ധ്യമുള്ളതുമായ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് ഒരു പ്രസ്താവന പുറത്തിറക്കി. മകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയ പിതാവിനെ യാത്രക്കാർ ഹീറോ എന്നാണ് വിളിച്ചത്.