മഞ്ചേശ്വരത്ത് ഏക മകളെ പിതാവ് വെട്ടിക്കൊന്നു

കാസര്‍കോട്: പിതാവിന്റെ ആക്രമണത്തിൽ പതിനെട്ടുകാരിയായ ഏക മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബന്ധു മരിച്ചു. കാസർകോട് മഞ്ചേശ്വരം തുമിനാട്ടെ മറിയം ജുമൈലയാണ് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് ഇന്നലെ കൊല്ലപ്പെട്ടത്. പിന്നാലെ പ്രതി ജുമൈലയുടെ പിതാവ് ഉമ്മർ ഫാറൂഖിനെ മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. ഫാറൂഖിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യാസഹോദരീ ഭര്‍ത്താവ് ഷെയ്‌ഖ് അബ്ബയാണ് (55) ഇപ്പോൾ മരണപ്പെട്ടത്.

അബ്ബയുടെ വീട്ടിൽ വച്ചായിരുന്നു ഇന്നലെ ആക്രമണം നടന്നത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. ഉമ്മറും കുടുംബവും അബ്ബയുടെ വീട്ടിലായിരുന്നു താമസം. ഉമ്മർ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. മയക്കു മരുന്നിന് അടിമയായതിനാൽ ഉമ്മറുമായി കുറെ നാളുകളായി താഹിറയ്ക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഇവർ തമ്മിൽ സ്വത്ത് തർക്കവും സ്വർണ്ണ ഇടപാട് തർക്കവും നിലനിന്നിരുന്നു. വിവാഹമോചന ശ്രമങ്ങളും നടക്കുകയായിരുന്നു.

ഇക്കാര്യം ഒത്തുതീർപ്പാക്കാനും താഹിറയുടെ സ്വർണാഭരണങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞുമാണ് ഉമ്മർ ഫാറൂഖ് വീട്ടിലെത്തിയത്. പിന്നാലെ ഉമ്മറും അബ്ബയുമായി സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി.ഇതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് അബ്ബയെ ആക്രമിക്കുമ്പോള്‍ മകള്‍ ജുമൈല തടയാന്‍ ശ്രമിക്കുകയും വെട്ടേല്‍ക്കുകയുമായിരുന്നു. കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആക്രമണത്തിൽ അബ്ബയ്ക്ക് കാലിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് ചികിത്സയിൽ കഴിയവേയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ ഉമ്മർ ഫാറൂഖിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *