മൈനാഗപ്പള്ളിയിൽ 35കാരനെ അടിച്ചു കൊന്ന കേസ്; അച്ഛനും സഹോദരനും അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പൊലീസ്. മൈനാഗപ്പള്ളി സൊസൈറ്റി മുക്ക് മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണൻ (70), മകൻ സനൽ (30) എന്നിവരാണ് അറസ്റ്റിലായത്. രാമകൃഷ്ണന്റെ മകൻ സന്തോഷാണ് കൊല്ലപ്പെട്ടത്.
മാനസിക വെല്ലുവിളി നേരിടുന്ന സന്തോഷ് ദീർഘനാളായി ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന സ്വഭാവം സന്തോഷിനുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറയുന്നത്.ഇന്ന് പുലർച്ചെയോടെ വീട്ടിൽ വീണ്ടും വഴക്കുണ്ടാവുകയും സന്തോഷും സനലും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. തുടർന്ന് സനൽ സന്തോഷിന്റെ കൈകാലുകൾ കെട്ടിയിട്ടു.
ബഹളം വയ്ക്കുന്നത് തടയാൻ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം അച്ഛൻ രാമകൃഷ്ണൻ ഇരുമ്പുവടി കൊണ്ട് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൂന്ന് തവണ തലയ്ക്ക് മാരകമായി അടിയേറ്റ സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.കൊലപാതകം നടന്ന വിവരം അച്ഛനും മകനും രഹസ്യമാക്കി വച്ചു. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



