സ്‌ഫോടനം വിഷുവിന് പടക്കം നിർമിക്കുന്നതിനിടെ; മൃതദേഹം ചിന്നിച്ചിതറിയ നിലയിലെന്ന് നാട്ടുകാർ

കോഴിക്കോട്: കുന്ദമംഗലത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നാല് മാസം മുമ്പാണ് വിഷ്‌ണു എന്നയാൾ ഈ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്.

സ്‌ഫോടനത്തിൽ മരിച്ചതിൽ ഒരാൾ വിഷ്‌ണുവിന്റെ അനുജൻ രാഹുലും(27) മറ്റേയാൾ ഭാര്യാ സഹോദരൻ രാഹുലുമാണ് (26). ഇവരുടെ ശരീരം ചിതറിത്തെറിച്ച നിലയിലായിരുന്നു. സ്‌ഫോടനത്തിൽ വിഷ്‌ണുവിനും ഭാര്യ സിനിക്കും ഇവരുടെ സുഹൃത്ത് ഹിജിത്തിനും പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.സ്‌ഫോടനത്തിന്റെ ശബ്‌ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.

പടക്ക നിർമാണത്തിനായി വൻതോതിൽ സ്‌ഫോടക വസ്‌തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ഇവിടെ പടക്ക നിർമാണം നടക്കുന്ന കാര്യം പരിസരവാസികളാരും അറിഞ്ഞിരുന്നില്ല. ഉഗ്രശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സ്‌ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സമീപത്തെ ചില വീടുകളുടെ ജനൽ ഗ്ലാസുകളും തകർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *