ലഹരി മാഫിയയ്‌ക്കെതിരെ എക്‌സൈസ് സേന; പിടികൂടിയത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കള്‍

ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്ന് എക്‌സൈസ് സേന. മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസുകള്‍, 7483 പുകയില കേസുകളും ഉള്‍പ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്ന് നടത്തിയ 362 ഉള്‍പ്പെടെ 13639 റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത്.അബ്കാരി കേസുകളില്‍ 66ഉം മയക്കുമരുന്ന് കേസുകളില്‍ 67ഉം വാഹനങ്ങള്‍ പിടിച്ചു. അബ്കാരി കേസുകളില്‍ പ്രതിചേര്‍ന്ന 1580 പേരില്‍ 1501 പേരെയും, മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്ത 1358 പേരില്‍ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളില്‍ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത എക്‌സൈസിനെയും, പൊലീസ് ഉള്‍പ്പെടെയുള്ള മറ്റ് സേനകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ പരിശോധനകളും നടപടികളും എക്‌സൈസ് തുടരുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *