സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല : രമേശ് ചെന്നിത്തല

വികസനം എന്നത് സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്. സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.
സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾ. എസ്ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.
എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി തന്നെ പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനു പിന്നിൽ യുഡിഎഫ് മതസംഘടനകളുടെ മേൽ സമ്മർദ്ദം ചെലുത്തിയാണെന്ന് സ്ഥാനാർത്ഥിയായിരുന്ന കെ എം അഷ്റഫ് ആരോപിച്ചിരുന്നു.
വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം പൂർത്തീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയാണ് അവിടെ വീടുകൾക്ക് കല്ലിട്ടത്. അത് പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പാലിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.



