ധനപ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; ഇന്ന് നിയമസഭയിൽ ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി ഇന്ന് നിയമസഭയിൽ ചർച്ച ചെയ്യും. ധനപ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിക്കൊണ്ടാണ് ചർച്ച. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ധനപ്രതിസന്ധിയിൽ ചർച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.
പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെങ്കിലും ചർച്ചയാകാമെന്നാണ് ധനമന്ത്രി മറുപടി നൽകിയത്. ഈ സഭാ സമ്മേളന കാലത്തെ നാലാം ചർച്ചയാണിത്. കരൂർ ദുരന്തത്തിൽ അനുശോചനം അർപ്പിച്ചാണ് നിയമസഭയിൽ നടപടികളാരംഭിച്ചത്. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭ പ്രമേയം പാസാക്കും.
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പിന്തുണയ്ക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം ഒന്നിച്ച് പാസാക്കാനുള്ള തീരുമാനം. വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവയ്ക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്.