ജനാധിപത്യത്തെ കൊല്ലാൻ ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുന്നു: കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഇലക്ഷന്‍ കമ്മീഷനെതിരായ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ശകുന്‍ റാണിയുടെ പേരില്‍ രണ്ടു വോട്ട് ചെയ്തു. രണ്ടാമത്തെ വോട്ട് ചെയ്തത് ശകുന്‍ റാണിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. ആ വോട്ട് ചെയ്തത് ആരാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത് . വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അതിനൊന്നും മറുപടി പറയാതെ ഉദാഹരണമായി പറഞ്ഞ ഒരു വിഷയത്തില്‍ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിചാരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായ തെളിവുകള്‍ കയ്യിലുണ്ട്.സത്യം പുറത്തു കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരും.ചോദ്യം ചോദിച്ച ഞങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ എടുക്കട്ടെ. ഇലക്ഷന്‍ കമ്മീഷന്റെ നിലപാടുകള്‍ തുറന്നു കാട്ടപ്പെട്ടതിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ചത്. സത്യം എത്ര വലിയ സ്വര്‍ണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും അത് മറയ്ക്കാനാവില്ല.
തെളിവ് സഹിതം രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളില്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും.രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങളില്‍ ഇലക്ഷന്‍ കമ്മീഷന്‍ മറുപടി പറയണം. ബിജെപിക്ക് വേണ്ടി ഏജന്റ് പണിയെടുക്കുകയല്ല ഇലക്ഷന്‍ കമ്മീഷന്‍ ചെയ്യേണ്ടത്.തെളിവുകള്‍ എല്ലാം കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.ബിജെപി ഇതിനെ ന്യായീകരിക്കുന്നത് ഏറ്റവും വലിയ ഗുണഭോക്താക്കള്‍ അവര്‍ ആയതിനാലാണ്.
ഇലക്ട്രോണിക്‌സ് വോട്ടേഴ്‌സ് ലിസ്റ്റ് എന്തുകൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്നില്ല? സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിന് തുടങ്ങിയവയ്ക്ക് ഇലക്ഷന്‍ കമ്മീഷന്‍ മറുപടി പറയണം.അതല്ലാതെ നോട്ടീസ് അയച്ചുള്ള വിരട്ടൊന്നും വേണ്ട. ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തും. തിങ്കളാഴ്ച ഇന്ത്യാ മുന്നണിയുടെ എംപിമാര്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.വൈകുന്നേരം സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി യോഗം ചേരും. ഈ മാസം 17ന് ബീഹാറില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന യാത്ര സംഘടിപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.