പ്രമുഖ ഫാഷന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്രക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡല്‍ഹി: പ്രമുഖ ഫാഷന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്രക്കെതിരെ കേസെടുത്ത് ഇഡി. വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനത്തെ തുടര്‍ന്നാണ് മിന്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്. 1,654.35 കോടി രൂപയുടെ ലംഘനം ചൂണ്ടികാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്.ഡി.ഐ നയ പ്രകാരം നിയന്ത്രണങ്ങളുള്ള മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിലാണ് ക്രമക്കേട്.

മൊത്ത വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പന നടത്തുകയും ചെയ്തെന്നാണ് നിലവിലുള്ള ആരോപണം. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡിയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

ഒരേസമയം മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും നടത്തി തിരിമറി നടത്താന്‍ ഈ സംവിധാനത്തെ കമ്പനി ഉപയോഗിച്ചു. ഫെമ നിയമത്തിലെ വകുപ്പ് 6(3)ബി പ്രകാരമുള്ള വ്യവസ്ഥകള്‍ മറികടന്ന് 1,654.35 കോടിയുടെ ഇടപാടുകള്‍ കമ്പനി നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 2010ല്‍ പ്രാബല്യത്തില്‍ വന്ന എഫ്.ഡി.ഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമെ അനുബന്ധ ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയൂ. എന്നാല്‍ മിന്ത്ര ഈ പരിധി ലംഘിക്കുകയാണ് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *