ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും നോബി പിന്തുടര്‍ന്ന് ഉപദ്രവിച്ചെന്ന് കുറ്റപത്രം

പോലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശി ഷൈനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏക പ്രതി ഭര്‍ത്താവ് നോബി. നോബിക്കെതിരെ ഗുരുതര കാര്യങ്ങളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഷൈനി നോബിയില്‍ നിന്നും കൊടിയ പീഡനം നേരിട്ടെന്നും നോബിയുടെ ഉപദ്രവമാണ് ഷൈനി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും നോബി പിന്തുടര്‍ന്ന് ഉപദ്രവിച്ചു, മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍ കോളുകളും അടക്കം 40ഓളം ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 56 സാക്ഷി മൊഴികള്‍ അടക്കമുള്ള കുറ്റപത്രം അടുത്തദിവസം സമര്‍പ്പിക്കും. ഷൈനിയുടെ മകനും ട്രെയിന്‍ ഓടിച്ച ലോക്കോപൈലറ്റും സാക്ഷികളാണ്. 170ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കുന്നത്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.