മ്യാൻമറിൽ വൻ നാശം വിതച്ച് ഭൂചലനം; മരണസംഖ്യ 59 ആയി, തായ്‌ലൻഡിലും നാശനഷ്‌ടം

നയ്‌പെഡോ: മ്യാൻമറിൽ വൻ നാശം വിതച്ച് ഭൂചലനം. ഇതുവരെ 59പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 250ലധികംപേർ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയ്‌ക്ക് 12.50നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുണ്ട്. മാന്റ്‌ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി.
തായ്‌ലൻഡിലും പ്രകമ്പനം ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു.ഭൂചലനം ഉണ്ടായ സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.