ഇ–നിയമസഭ: കൂടുതൽ ക്രമക്കേട് പുറത്ത്; പരിശോധന നടത്താതെ നിയമസഭാ ഓഡിറ്റ് വിഭാഗം

തിരുവനന്തപുരം ∙ നിയമസഭയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ഇ– നിയമസഭാ പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പദ്ധതി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 6 വർഷത്തിനിടെ 11 തവണ കരാർ കാലാവധി നീട്ടിനൽകി.

സോഫ്റ്റ്‌വെയറായി ഊരാളുങ്കൽ വികസിപ്പിച്ച 42 മൊഡ്യൂളുകളും ഉപയോഗക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടേറിയറ്റ് തിരിച്ചയച്ചിരുന്നു. ഇതിൽ സഭാ നടപടിക്രമങ്ങൾക്കുള്ള 8 ഇൻഹൗസ് മൊഡ്യൂളുകൾ മാത്രം ഉപയോഗക്ഷമമാക്കി പദ്ധതി തീർക്കാനാണ് ഇപ്പോൾ ശ്രമം.

എന്നിട്ടും ആദ്യം നിശ്ചയിച്ച കരാർ തുകയായ 18.46 കോടി രൂപ മുഴുവൻ ഊരാളുങ്കലിനു കൈമാറാനുള്ള ഫയൽനീക്കമാണ് നിയമസഭാ സെക്രട്ടേറിയറ്റിൽ നടക്കുന്നത്. ഇതിനായി 12–ാം തവണയും കാലാവധി നീട്ടാനും കരുനീക്കുന്നു. കോടികളുടെ ക്രമക്കേടിൽ വിശദ പരിശോധന വേണമെന്നു ഫയലിൽ നിർദേശിച്ചെങ്കിലും നിയമസഭയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം ഒരുതവണ പോലും പരിശോധനയ്ക്കു തയാറായിട്ടില്ല.

കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഹാർഡ്‌വെയർ ആവശ്യങ്ങൾക്കായി മുൻകൂർ നൽകിയ 9.4 കോടി രൂപ കണക്കു നൽകാതെ 6 വർഷം ഊരാളുങ്കൽ കൈവശം വച്ചതിന്റെ വിശദാംശങ്ങൾ കഴിഞ്ഞദിവസം ‘മനോരമ’ പുറത്തുവിട്ടിരുന്നു. ഈ തുകയ്ക്കുള്ള ഇൻവോയ്സ് ഇക്കൊല്ലം മേയ് 9ന് ഊരാളുങ്കൽ ഹാജരാക്കിയെങ്കിലും തുക ചെലവഴിച്ചതിന്റെ വിശദാംശങ്ങളില്ലാത്ത കണക്ക് തിങ്കളാഴ്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി തള്ളി.

കണക്ക് നൽകാതെ അനധികൃതമായി പണം കൈവശം വച്ചതിന് 2019 മുതലുള്ള പലിശ സഹിതം 15 കോടി ഊരാളുങ്കലിൽനിന്നു തിരിച്ചുപിടിക്കണമെന്ന നിർദേശത്തിലും നടപടിയില്ല. കംപ്യൂട്ടറുകളുടെ വാറന്റി അവസാനിച്ചിട്ടും അവയിൽ സജ്ജമാക്കേണ്ട സോഫ്റ്റ്‌വെയർ വികസിപ്പിക്കാനായിട്ടില്ലെന്നതാണു സ്ഥിതി. എന്നിട്ടും കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഹാർഡ്‌വെയർ വർഷം 50 ലക്ഷം രൂപ ചെലവിൽ 5 വർഷത്തേക്കു പരിപാലിക്കാൻ രണ്ടരക്കോടി രൂപ ഊരാളുങ്കലിനു കൈമാറാനും നീക്കമുണ്ട്.

സഭാ നടപടികളെയും ബാധിക്കുന്നു -സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിൽ ഊരാളുങ്കൽ വരുത്തിയ വീഴ്ച നിയമസഭാ നടപടികളെ ബാധിക്കുമെന്ന് ആശങ്ക. സഭയിൽ അംഗങ്ങൾക്ക് മന്ത്രിമാർ നൽകുന്ന ഉറപ്പുകൾ നടപ്പാക്കാനാവശ്യമായ ഓഫിസ് ജോലികൾ രേഖപ്പെടുത്തുന്ന ‘അഷുറൻസ് ഇംപ്ലിമെന്റേഷൻ ഡെസ്ക്കി’ന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. മുൻപ് ഉപയോഗിച്ചിരുന്ന എൻഐസി സോഫ്റ്റ്‌വെയർ ഒഴിവാക്കുകയും ചെയ്തു. YOU MAY LIKE

Related Articles

Leave a Reply

Your email address will not be published. Required fields are marked *