ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധിക്കാൻ ചെക്കറെത്തി, പിന്നാലെ ഫോൺ നോക്കിയതോടെ ഞെട്ടി

സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ റെയിൽവേ ഗതാഗതമാണ് നല്ലതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. വനിതാ റിസർവേഷനുകളുളള കംപാർട്ട്‌മെന്റുകൾ, സിസിടിവി നിരീക്ഷണം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) നിരീക്ഷണം, ഹെൽപ്പ്‌ലൈൻ നമ്പറുകൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഒ​റ്റയ്ക്ക് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട ആവശ്യകതയുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്ത ഒരു യുവതി റെഡ്ഡി​റ്റിൽ പോസ്​റ്റ് ചെയ്ത കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. യാത്രയ്ക്കിടയിൽ ടിക്ക​റ്റ് ചെക്കറിൽ നിന്നുണ്ടായ ദുരനുഭവമാണ് യുവതി പങ്കുവച്ചിരിക്കുന്നത്. തന്റെ ടിക്ക​റ്റ് പരിശോധിച്ച ഉദ്യോഗസ്ഥൻ പിന്നാലെ തന്നെ ഇൻസ്​റ്റഗ്രാമിൽ റിക്വസ്​റ്റ് അയച്ചെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്.

‘അടുത്തിടെ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയുണ്ടായി. ടിക്ക​റ്റ് ചെക്കർ എന്റെ ടിക്കറ്റ് പരിശോധിച്ചു. അതിനുശേഷം ഉദ്യോഗസ്ഥൻ എങ്ങനെയോ എന്റെ ഇൻസ്​റ്റഗ്രാം പ്രൊഫൈൽ കണ്ടെത്തി ഫോളോ റിക്വസ്​റ്റ് അയച്ചു. റിസർവേഷൻ ചാർട്ടിൽ നിന്നാണ് ഉദ്യോഗസ്ഥന് എന്റെ പേരും മ​റ്റുവിവരങ്ങളും ലഭിച്ചത്. ഇത് അൽപം ഭയങ്കരമായി തോന്നി. യാത്രക്കാർ ടിക്ക​റ്റെടുക്കാൻ നൽകുന്ന സ്വകാര്യ വിവരങ്ങൾ ഇങ്ങനെയും ഉപയോഗിക്കാനാകുമോ?’- യുവതി കുറിച്ചു. പോസ്​റ്റ് വൈറലായതോടെ പലരും ട്രെയിനിലെ യാത്രയുമായി ബന്ധപ്പെട്ടുളള ആകുലതകൾ പങ്കുവയ്ക്കാൻ ആരംഭിക്കുകയായിരുന്നു.

പരാതി നൽകണമെന്ന് പലരും യുവതിക്ക് നിർദ്ദേശം നൽകി. ടിക്ക​റ്റ് പരിശോധനയ്ക്ക് എത്തുന്നവരുമായി ഇടപഴകുമ്പോൾ ശ്രദ്ധ പുലർത്തണമെന്നാണ് ചിലർ പറഞ്ഞത്. മ​റ്റൊരാൾ പറഞ്ഞത് ഫോളോ റിക്വസ്​റ്റ് അക്സപ്​റ്റ് ചെയ്താൽ തുടർച്ചയായി സന്ദേശങ്ങൾ ലഭിക്കുമെന്നാണ്. ചിലർ ടിക്ക​റ്റ് ചെക്കർമാരിൽ നിന്ന് നേരിട്ട പല മോശം അനുഭവങ്ങളും പങ്കുവച്ചു. ഒരു ടിക്ക​റ്റ് ചെക്കർ ടിക്ക​റ്റ് പരിശോധിച്ചതിനുശേഷം അയാളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. നമ്പർ നൽകാനും സൗഹൃദത്തിലാകാനും പ്രേരിപ്പിച്ചെന്ന് ഒരു യുവതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *