പെരുമ്പാവൂര്‍: മദ്യലഹരിയില്‍ പിതാവിനെ മകന്‍ ചവിട്ടിക്കൊന്നു. ഒക്കല്‍ പഞ്ചായത്തിലെ ചേലാമറ്റം നാല് സെന്റ് കോളനിയില്‍ കിഴക്കുംതല വീട്ടില്‍ ജോണിയാണ് (69) മരിച്ചത്. സംഭവത്തില്‍ ജോണിയുടെ മകന്‍ മെല്‍ജോയെ (35) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷയരോഗ രോഗബാധിതനായി കിടപ്പിലായിരുന്നു ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെല്‍ജോ തൊട്ടടുത്തുള്ള സഹോദരി മെല്‍ജിയുടെ വീട്ടിലെത്തുകയായിരുന്നു. മെല്‍ജി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിനിടെ പിതാവിനെ കൊന്നതാണെന്ന് സംശയം പ്രകടിപ്പിച്ചതിന്റെ വൈരാഗ്യത്തില്‍ സഹോദരിയുടെ വീടിന് നേരെ മെല്‍ജൊ ആക്രമണം നടത്തിയിരുന്നു. പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി സമ്മതിക്കുകയായിരുന്നു. ജോണിയുടെ ഭാര്യ: മേരി. മരുമകന്‍. ഷൈജു. മെല്‍ജൊ അവിവാഹിതനാണ്.