“വിദഗ്ധ സമിതി റിപ്പോർട്ട് എന്താണെന്ന് എനിക്കറിയില്ല”,വൈകാരികമായാണ് ഡോ. ഹാരിസ് പ്രതികരിച്ചത്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് താൻ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കൽ. മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് ചിറക്കൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സർക്കാർ വാദം പൊളിയുകയാണ്.
വിദഗ്ധ സമിതി എന്ത് റിപ്പോർട്ട് ആണ് നൽകിയതെന്ന് തനിക്ക് അറിയില്ലെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. അതിന്റെ പകർപ്പ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആ കമ്മിറ്റിയിൽ ഉള്ള നാലുപേരും എന്റെ സഹപ്രവർത്തകരാണ്. എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവർ. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാൻ അവർ നിർബന്ധിതരായത് എന്ന് തനിക്കറിയില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
വൈകാരികമായാണ് ഡോ. ഹാരിസ് പ്രതികരിച്ചത്. കത്ത് നൽകിയതിന് ശേഷവും ഉപകരണങ്ങൾ കിട്ടിയിരുന്നില്ല. ഉപകരണങ്ങൾ വേണ്ട മുറയ്ക്ക് താൻ വേണ്ടപ്പെട്ടവരെ അറിയിക്കുന്നുണ്ട്. കത്തടിക്കാനുള്ള പേപ്പർ വരെ താൻ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് എടുക്കാനുള്ള സംവിധാനം പോലും മെഡിക്കൽ കോളേജിലില്ല. അത്രയും ഗതികേടാണ് അവിടെയുള്ളത് എന്നും ഹാരിസ് തുറന്നുപറഞ്ഞു.
ഒരു രോഗിയുടെ ജീവൻ രക്ഷാ ഉപകരണമാണ് താൻ ആവശ്യപ്പെട്ടത്. അതിന് അടിയന്തിരമായ നടപടികളാണ് വേണ്ടതെന്നും ഹാരിസ് ആവശ്യപ്പെട്ടു. ഒരു പൗരന്റെ ജീവനെ സാമ്പത്തികപ്രതിസന്ധി ബാധിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ രീതിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന വെളിപ്പെടുത്തലില്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് ഇന്നലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
വെളിപ്പെടുത്തലിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറക്കല്‍ ശ്രമിച്ചതായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകള്‍ മുടക്കിയെന്നും എന്നാല്‍ ശസ്ത്രക്രിയ മുടക്കിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, വിശദീകരണം എന്ന് നല്‍കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.