ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ യാത്ര നിരോധിച്ച് അമേരിക്ക

വാഷിംഗ്ടൺ: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ യാത്ര നിരോധിച്ച് അമേരിക്ക. ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ അമേരിക്കയിലേയ്ക്കുള്ള പ്രവേശനം പൂർണ്ണമായി നിയന്ത്രിക്കുന്നതാണ് പുതിയ പ്രഖ്യാപനം. തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ നിയമം പ്രാബല്യത്തിൽ വരും.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് കൂടുതൽ നിയന്ത്രണങ്ങളും ഇതിനോടൊപ്പം ഏർപ്പെടുത്തും. ‘അമേരിക്കയുടെയും അവിടുത്തെ ജനങ്ങളുടെയും ദേശീയ സുരക്ഷയും ദേശീയ താൽപ്പര്യവും സംരക്ഷിക്കാൻ ഞാൻ പ്രവർത്തിക്കണം’ എന്നാണ് ട്രംപ് ഒപ്പുവെച്ച പ്രഖ്യാപനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ടനമ്മുടെ രാജ്യത്തേക്ക് വന്ന് നമ്മെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്ന അപകടകാരികളായ വിദേശികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന തന്റെ വാഗ്ദാനം പ്രസിഡന്റ് ട്രംപ് നിറവേറ്റുകയാണ്’ എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്‌സൺ എക്സിൽ കുറിച്ചത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണം, ഇറാനിലും ക്യൂബയിലും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത, ചാഡ്, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിസ കാലാവധി കഴിഞ്ഞുള്ള താമസക്കാരുടെ ഉയർന്ന നിരക്കുകൾ എന്നിവ ചൂണ്ടിക്കാണിച്ചാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ യാത്രാ നിരോധനം പുനഃസ്ഥാപിക്കും. ചിലർ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു. തീവ്ര ഇസ്ലാമിക ഭീകരരെ നമ്മുടെ രാജ്യത്തിന് പുറത്ത് നിർത്തും. ഇത് സുപ്രീം കോടതി ശരിവെച്ചതാണ് എന്നായിരുന്നു പുതിയ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ടുള്ള ട്രംപിൻ്റെ പ്രതികരണം.

ആദ്യ ഭരണകാലയളവിൽ ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നിവയുൾപ്പെടെ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ട്രംപ് യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. 2017 ജനുവരിയിലായിരുന്നു ട്രംപ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് മുൻ പ്രസിഡന്റ് ജോ ബൈഡൻ 2021ൽ ആ നയം റദ്ദാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *