ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങും, വമ്പൻ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: നാളെ നിർണായകമായ വാർത്താ സമ്മേളനം നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും ഉടൻ തന്നെ സൈനിക നടപടി അവസാനിപ്പിക്കുമെന്നും ട്രംപ് റോയിട്ടേഴ്സിനോട് വ്യക്തമാക്കി. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് വ്യക്തമാക്കി, യുദ്ധത്തിൽ പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചതോടെയാണിത്. നാളെ രാവിലെ ആറരയ്ക്ക് മാദ്ധ്യമങ്ങളെ കാണുന്നതിന് മുൻപാണ് ട്രംപ് റോയിട്ടേഴ്സിന് ടെലിഫോൺ അഭിമുഖം നൽകിയത്.
ഇറാൻ ഉടൻ സമാധാന കരാറിലെത്തിയില്ലെങ്കിൽ ആക്രമണം ശക്തമാക്കുമെന്നായിരുന്നു നേരത്തേ ട്രംപിന്റെ ഭീഷണി. എന്നാലിപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിന്റെ ആവശ്യമില്ലെന്നാണ് നിലപാട്.വെടിനിറുത്തലിനായി ഇറാൻ പ്രസിഡന്റ് തന്നെ സമീപിച്ചെന്ന് അവകാശപ്പെട്ട ട്രംപ്, ഹോർമുസ് തുറന്നാൽ പരിഗണിക്കാമെന്ന് അറിയിച്ചെന്നും പറഞ്ഞു. യു.കെയെ പോലെ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സ്വന്തമായി ഉറപ്പുവരുത്തിയാൽ മതിയെന്നും തങ്ങളെ സഹായിക്കാത്ത രാജ്യങ്ങളെ തിരിച്ച് സഹായിക്കേണ്ട കാര്യം യു.എസിനില്ലെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചത്.



