പ്രസവശസ്‌ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്‌ടറെ സ്ഥലം മാറ്റി

തിരുവനന്തപുരം: പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധസമരം ആരംഭിച്ചതിനെത്തുടർന്നാണ് നടപടി. ഇതേ ഡോക്‌ടർക്കെതിരെ നേരത്തെയും ചികിത്സാപ്പിഴവ് സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ മറ്റ് നടപടികളിലേക്കൊന്നും ആരോഗ്യ വകുപ്പ് കടന്നിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞ് മരിച്ചത്. ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് നിർബന്ധിത അവധിയിൽ പോകണമെന്ന് ഡോക്‌ടർക്ക് ആരോഗ്യ വകുപ്പ് ഡയറക്‌ടർ നിർദേശം നൽകിയിരുന്നു. ഇവരെ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ നടപടി തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പ്രതിഷേധം തുടരുകയായിരുന്നു. ഡോക്‌ടറെ സസ്‌പെൻഡ് ചെയ്യാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ നിലപാടെടുത്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.കഴിഞ്ഞ ദിവസമാണ് പൂർണഗർഭിണിയായ രഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്‌ക്കായി എത്തിയപ്പോൾ പ്രസവത്തിനായി അഡ്‌മിറ്റാകാൻ നിർദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ശസ്‌ത്രക്രിയ നടത്താൻ താമസം നേരിട്ടതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞിന്റെ മരണത്തിൽ വിശദീകരണം നൽകാതെ ഡോ. ബിന്ദു സ്ഥലംവിടുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *