ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കാറുണ്ടോ?

ഒരു കപ്പ് ചായയുമായിട്ടാണ് മിക്കവരും ദിവസം ആരംഭിക്കുന്നത്. രാവിലെ ചായ കുടിച്ചില്ലെങ്കിൽ ദിവസം മുഴുവൻ ഉന്മേഷക്കുറവ് അനുഭവപ്പെടുന്നവരുമുണ്ട്. ചിലർക്ക് കട്ടൻ ചായ ആയിരിക്കാം ഇഷ്ടം. മറ്റുചിലർക്ക് ഗ്രീൻ ടീയോടായിരിക്കാം പ്രിയം. പാൽ ഒഴിച്ച് കടുപ്പത്തിലുള്ള ചായ ഇഷ്ടപ്പെടുന്നവരുമുണ്ട്. ചിലർക്ക് ഭക്ഷണം കഴിച്ചാൽ ഉടൻ ചായ കുടിക്കുന്ന ശീലമുണ്ട്.

അതിലും ഉച്ചഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ശീലം ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. ചായയിലെ ചില സംയുക്തങ്ങൾ ദഹനത്തെ തടസപ്പെടുത്തുകയോ പ്രധാന ധാതുക്കളുടെ ആഗിരണം തടയുകയോ ചെയ്യുന്നുവെന്നും വിദഗ്ധർ പറയുന്നു, ഭക്ഷണം കഴിച്ച ഉടൻ ചായ കുടിക്കുന്നത് ചില‌ പോഷകങ്ങളുടെ പ്രത്യേകിച്ച് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുമെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നത്. ചായയിൽ ടാനിനുകൾ, പോളിഫെനോളുകൾ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇവ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. ഗർഭിണികൾ, കൗമാരക്കാർ, വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കിയവർ തുടങ്ങിയവർ ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് ദോഷകരമാണ്. എന്നാൽ മസാല ചായയിൽ അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ ചില ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണെന്നും വിദഗ്ധർ പറയുന്നു. എന്നാലും സ്ഥിരമായി ഇത്തരത്തിൽ ഭക്ഷണത്തിന് ശേഷം ചായ കുടിക്കാൻ പാടില്ല. ഭക്ഷണം കഴിച്ച് കുറഞ്ഞത് 30 മുതൽ 60 മിനിട്ടിന് ശേഷം ചായ കുടിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *