ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

ചില റെസ്റ്റോറന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പു കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റെസ്റ്റോറന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

സേവന ചാര്‍ജുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടക്കുന്നതിനാണ് ഇത്തരം ചാര്‍ജുകള്‍ ചുമത്തുന്നതെന്ന് അതോറിറ്റി വിലയിരുത്തി. ഇത് നിയമവിരുദ്ധമായ വ്യാപാര രീതിയായതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ സ്വമേധയാ അല്ലാത്ത ഏതെങ്കിലും അധിക ചാര്‍ജ് അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുത്. അത്തരം രീതികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഹോട്ടലിനോടോ റെസ്റ്റോറന്റിനോടോ ബില്ലില്‍ നിന്ന് ചാര്‍ജ് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാവുന്നതാണ്. 1915 എന്ന നമ്പറില്‍ വിളിച്ചോ അതിന്റെ ആപ്പ് വഴിയോ പരാതി നല്‍കാമെന്നും ഇ-ജാഗ്രിതി പോര്‍ട്ടല്‍ വഴി ഉപഭോക്തൃ കമ്മീഷന് മുമ്പാകെ പരാതി നല്‍കാമെന്നും അതോറിറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *