കേരളത്തിലെ എംഎല്‍എമാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടോ, പ്രതിമാസം കയ്യില്‍ കിട്ടുന്നത് എത്ര ?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്തിന്റെ ഓഫീസ് നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. മേയറായും പിന്നീട് എംഎല്‍എയായും തലസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വി.കെ പ്രശാന്തിനെതിരെ ആദ്യമായി കിട്ടിയ വിവാദം രാഷ്ട്രീയ എതിരാളികള്‍ കൃത്യമായി ഉപയോഗിക്കുന്നുമുണ്ട്. എംഎല്‍എമാര്‍ക്ക് വാടകയിനത്തില്‍ 25,000 രൂപ കിട്ടുമ്പോഴാണ് വെറും 800 രൂപ വാടകയ്ക്ക് കോര്പ്പറേഷന് കെട്ടിടം ഉപയോഗിക്കുന്നത് എന്നതാണ് പ്രചരിക്കുന്ന പ്രധാന ആരോപണം.
യഥാര്‍ത്ഥത്തില്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് വാടക നല്കാന് പ്രത്യേക അലവന്‍സ് അനുവദിക്കുന്നില്ലെന്നതാണ് സത്യം. മാത്രവുമല്ല മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എംഎല്‍എമാര്‍ക്ക് പ്രതിമാസം വളരെ കുറഞ്ഞ തുക മാത്രം കിട്ടുന്ന സംസ്ഥാനമാണ് കേരളം. 2025ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒരു എംഎല്‍എയ്ക്ക് പ്രതിമാസം കിട്ടുന്നത് 70,000 രൂപയാണ്.
വിവിധ അലവന്‍സുകള്‍ ഉള്‍പ്പെടെയുള്ള തുകയാണിത്.മാസം ലഭിക്കുന്ന തുകയുടെ ഘടന പരിശോധിച്ചാല്‍ മണ്ഡലം അലവന്‍സായി 25,000 രൂപ ലഭിക്കും. സ്ഥിരം അലവന്‍സായി 2,000 രൂപയും യാത്രാ അലവന്‍സായി 20,000 രൂപയുമാണ് കിട്ടുന്നത്. ടെലഫോണ്‍ അലവന്‍സ് 11,000 രൂപയും ഇന്‍ഫര്‍മേഷന്‍ അലവന്‍സായി 4,000 രൂപയും ലഭിക്കുമ്പോള്‍ മറ്റ് ചെലവുകള്‍ക്കായി 8,000 രൂപയാണ് ഒരു എംഎല്‍എക്ക് കിട്ടുക. ഇതെല്ലാം കൂടി ചേര്‍ത്താണ് 70,000 രൂപ കിട്ടുന്നത്.



