ധോണിക്ക് പരിക്ക്; സിഎസ്കെയ്ക്ക് കനത്ത തിരിച്ചടി, ആദ്യ രണ്ടാഴ്ച കളിച്ചേക്കില്ല

ചെന്നൈ: 19-ാം സീസൺ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് നിരാശ. കാലിന് പരിക്കേറ്റ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിക്ക് ടൂർണമെന്റിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും. നിലവിൽ താരം വിശ്രമത്തിലാണെന്നും ആദ്യ മത്സരങ്ങളിൽ കളിക്കാനാവില്ലെന്നും ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു.
തിങ്കളാഴ്ച ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈക്കായി വിക്കറ്റ് കീപ്പറാകും. രാജസ്ഥാൻ റോയൽസിൽ നിന്ന് ഈ സീസണിലാണ് സഞ്ജു ചെന്നൈ ക്യാമ്പിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും കൈമാറിയാണ് റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്.
മുൻ ടീമായ രാജസ്ഥാനെതിരെ സഞ്ജു ചെന്നൈ കുപ്പായത്തിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും തിങ്കളാഴ്ചത്തെ മത്സരത്തിനുണ്ട്.മുട്ടിലെ പരിക്കും ശാരീരികക്ഷമത കുറയുന്നതും പരിഗണിച്ച് ഇത്തവണത്തേത് ധോണിയുടെ വിടവാങ്ങൽ സീസണായിരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ ചെന്നൈയിൽ നടന്ന ”ROAR 26” ഫാൻ ഇന്ററാക്ഷനിടെ തന്റെ കായികക്ഷമത കുറയുന്നതായി ധോണി സൂചിപ്പിച്ചിരുന്നു. ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിനായി സിഎസ്‌കെ തയ്യാറെടുപ്പുകൾ തുടങ്ങിയതിന്റെ സൂചനയായാണ് സഞ്ജു സാംസണെ ടീമിലെത്തിച്ചതും.



