വിജയ് നടത്തിയ റാലിയുടെയിടയിലുണ്ടായ ദുരന്തത്തിൽ; മരിച്ചവരുടെ എണ്ണം 41 ആയി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ് നടത്തിയ റാലിയുടെയിടയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 65കാരിയായ സുഗുണ ആണ് മരിച്ചത്. നിലവിൽ 50ഓളംപേർ ചികിത്സയിലുണ്ട്. 55 പേർ ആശുപത്രി വിട്ടു. ദുരന്തത്തിന് പിന്നാലെ ചെന്നൈയിലേക്ക് പോയ വിജയ് കരൂർ സന്ദർശിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിച്ചു. വിജയ് നിലവിൽ ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്.
മരണമടഞ്ഞവർ മിക്കവരും കരൂർ സ്വദേശികളാണ്. ദുരന്തമുണ്ടായ വെള്ളിയാഴ്ച രാത്രി ത്തിൽ 39പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടി മടങ്ങിയ 32കാരൻ ഇന്നലെ മരിച്ചു. ഇതിനുപിന്നാലെയാണ് ഇന്ന് 65കാരിയായ സുഗുണ മരിച്ചത്. ദുരന്തത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്.റാലിയുമായി ബന്ധപ്പെട്ട് വിജയ്ക്കെതിരെയുള്ളതും വിജയ് നൽകിയതുമായ കേസുകളെല്ലാം ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
കോടതിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും ടി.വി.കെയുടെ ഭാവിപരിപാടികൾ. വിജയ്യെ പേര് പറഞ്ഞ് വിമർശിക്കരുത് എന്ന നിർദേശമാണ് ഡിഎംകെ നേതാക്കൾക്ക് നേരത്തെ സ്റ്റാലിൻ നൽകിയത്. അതേസമയം കരുതലോടെയാണ് എഐഡിഎംകെയും സംഭവത്തിൽ പ്രതികരിച്ചത്. ആരും വിജയ്യെ ശക്തമായി വിമർശിച്ചില്ല. കഴിഞ്ഞദിവസം തമിഴ്നാട് ബിജെപിയാകട്ടെ മതിയായ പൊലീസ് സേനയെ അയയ്ക്കാത്തതിന് സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.