വെടിനിർത്തല്‍ ധാരണയ്ക്ക് പിന്നാലെ വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം

ദില്ലി: ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകൾ ഇടുന്നുണ്ട്. വിക്രം മിസ്രിയെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങൾക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സൈബര്‍ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ സർക്കാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെ ലക്ഷ്യമിടുന്ന ട്രോളുകളെ എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള സർക്കാർ വാർത്താ സമ്മേളനങ്ങളിൽ സർക്കാരിന്‍റെ മുഖമായിരുന്നു വിക്രം മിസ്രി. കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരോടൊപ്പം, സംഘർഷഭരിതമായ സുരക്ഷാ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് പരിചയസമ്പന്നനായ വിക്രം മിസ്രിയാണ് വ്യക്തമാക്കിയിരുന്നത്.
വിക്രം മിസ്രി മാന്യനും സത്യസന്ധനും കഠിനാധ്വാനിയുമായ നയതന്ത്രജ്ഞനാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. നമ്മുടെ രാജ്യത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിക്കുന്നു. നമ്മുടെ സിവിൽ സർവീസുകാർ എക്സിക്യൂട്ടീവിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്ന് ഓർമ്മിക്കണം. എക്സിക്യൂട്ടീവ് / രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾക്ക് അവരെ കുറ്റപ്പെടുത്തരുത് ” – ഒവൈസി എക്സിൽ പോസ്റ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസും വിക്രം മിസ്രിയെ പിന്തുണച്ച് രംഗത്തെത്തി. ‘ഒരു കശ്മീരിയായ വിക്രം മിശ്രി ഇന്ത്യയെ അഭിമാനത്തിലാഴ്ത്തി. എത്ര ട്രോളുകൾ വന്നാലും രാജ്യത്തോടുള്ള അദ്ദേഹത്തിത്തിന്‍റെ സേവനത്തെ കുറയ്ക്കാനാവില്ല. നന്ദി പറയാൻ കഴിയില്ലെങ്കിൽ മിണ്ടാതിരിക്കാൻ പഠിക്കൂ” – എന്ന് സൽമാൻ അനീസ് സോസ് കുറിച്ചു. വിക്രം മിസ്രിയെ ലക്ഷ്യമിടുന്നത് വളരെ വളരെ സങ്കടകരമാണ് എന്ന് മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ് പറഞ്ഞു