പരാതിക്കാരിക്കെതിരെ സെെബർ അധിക്ഷേപം; രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: സെെബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണങ്ങൾ നടക്കുന്നതായി യുവതി ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ എആർ ക്യാമ്പിൽ എത്തിച്ചു. സെെബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവതി നൽകിയ പരാതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആർഎൽ ആണ് യുവതി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തത്.

ജില്ല തിരിച്ച് അന്വേഷണം നടത്തണമെന്നും പ്രത്യേകമായി കേസെടുക്കണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് എ‌ഡിജിപി വെങ്കിടേശ് നിർദ്ദേശം നൽകിയിരുന്നു. കഴി‌ഞ്ഞ ദിവസം രാഹുലിനെതിരെ മൊഴി നൽകിയ ശേഷമാണ് തനിക്കെതിരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളെക്കുറിച്ച് യുവതി പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുള്ള ഫേസ് ബുക്ക് യുആർഎൽ ഐഡികൾ അതിൽ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *