രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി ഇടുക്കി യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നുമാണ് വിമര്‍ശനം. ജില്ലാ നേതൃസംഗമത്തിലാണ് പ്രതിനിധികള്‍ രാഹുലിനെ വിമര്‍ശിച്ചത്. വിമര്‍ശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും നേതൃസംഗമത്തില്‍ ആവശ്യമുയര്‍ന്നു. വിമര്‍ശനം കടുത്തതോടെ രാഹുല്‍ വേദിവിട്ടു. പിന്നീട് തിരികെയെത്തി. വയനാട് പുനഃരധിവാസത്തിലെ ഫണ്ട് പിരിവുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-നകം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധനസമാഹരണത്തില്‍ പാളിച്ചയില്ലെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കിയിരുന്നു. പിരിവ് പൂര്‍ത്തിയാക്കാത്ത ഘടകങ്ങള്‍ക്കെതിരെയാണ് നടപടി പൂര്‍ത്തിയാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് വയനാട്ടില്‍ സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണെന്നും രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃകാവീട് പൂര്‍ത്തിയാക്കാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരുവർഷം പൂർത്തിയായി. 2024 ജൂലൈ 29-ന് രാത്രി 11.45-നാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനുമിടയിൽ പുഞ്ചിരിമട്ടം-അട്ടമല, മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായി. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനഃരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനഃരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.