സത്യമറിയാന്‍ പള്‍സര്‍ സുനിയെയും ദിലീപിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും?

0

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. തുടര്‍ നടപടിക്കുള്ള സാധ്യതകളാണ് പരിശോധിക്കുക. റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. നിയമോപദേശം തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍ യോഗം ചേരും.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ബ്രേക്ക് ചെയ്തത്. ഒളിക്യാമറയിലൂടെയായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ പകര്‍ത്തിയത്. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് പള്‍സര്‍ സുനി പറയുന്നത് ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. അക്രമം ഒഴിവാക്കാന്‍ എത്ര കാശും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നുവെന്നും ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു

ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായത്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കിയെന്നും അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ വ്യക്തമാക്കി.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി. ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ലെന്നും മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യമാണെന്നും സുനി പറഞ്ഞു. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here