കണ്ണൂരിൽ സി.പി.എം അക്രമം അഴിച്ചുവിടുന്നു; തോൽവിഭീതിയിലെന്ന് വി.ഡി. സതീശൻ

ണ്ണൂർ ജില്ലയിൽ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ഇത് തിരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അക്രമികളെ അമർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉടൻ നിർദ്ദേശം നൽകണമെന്നും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

പയ്യന്നൂർ, മയ്യിൽ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാർ തീയിടുകയും ചെയ്ത സംഭവം ക്രൂരമാണ്. പല വീടുകൾക്ക് മുന്നിലും റീത്ത് വയ്ക്കുകയും കോൺഗ്രസ് ഓഫീസുകൾ തകർക്കുകയും ചെയ്യുന്നു. ഒരു ചുമരെഴുത്തുപോലും സഹിക്കാനാകാത്ത വിധം അസഹിഷ്ണുതയുള്ള സംഘമായി കണ്ണൂരിലെ സിപിഎം മാറിയെന്നും ഇതിനെയൊന്നും തള്ളിപ്പറയാൻ പാർട്ടിയുടെ ഒരു നേതാവും തയ്യാറാകാത്തത് അക്രമം അവരുടെ അറിവോടെയായതുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് ഏജന്റുമാർക്ക് നേരെ നായ്ക്കുരണ പൊടി വിതറുന്ന പ്രാകൃത രീതിയാണ് അവലംബിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി. നാദാപുരം, താനൂർ, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ അക്രമങ്ങൾ നടന്നത് ഇതിന് പിന്നിൽ ഒരു കേന്ദ്രീകൃത ആസൂത്രണമുണ്ടോ എന്ന് സംശയിപ്പിക്കുന്നു. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് ക്രമസമാധാനം തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *