തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍. പല സ്ഥാനാര്‍ത്ഥികളും പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണ്ഡലത്തില്‍ റോഡ് ഷോയും ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് സിപിഎം, സിപിഐ സ്ഥാനാര്‍ത്ഥകളെ പാര്‍ട്ടി സെക്രട്ടറിമാര്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇടത് മുന്നണിയുടെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങുമെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നേരത്തെ പറഞ്ഞത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം എന്നാണ് വി.ഡി സതീശന്റെ ഇപ്പോഴത്തെ പ്രസ്താവന. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല.
എംപിമാര്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. മത്സരിക്കുമെന്ന് ഉറച്ച നിലപാടില്‍ നില്ക്കുന്ന കെ സുധാകരനെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മറ്റ് ചില എംപിമാരുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. തലസ്ഥാന ജില്ലയില്‍ പോലും പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് കീറാമുട്ടിയാണ്.പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ ചര്‍ച്ചയിലുണ്ട്.
തിരഞ്ഞെടുപ്പിന് 23 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അധികാരം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ട്പോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ സജീവമാണ്. സിറ്റിംഗ് സീറ്റുകളില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും മാറ്റമുണ്ടാകില്ലെങ്കിലും അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ കോണ്‍ഗ്രസിന് അത് മതിയാകില്ല. തിങ്കളാഴ്ച അന്തിമ പ്രഖ്യാപനമുണ്ടാകാനുള്ള സാദ്ധ്യതയും അതുകൊണ്ട് തന്നെ കുറവാണ്.



