പാര്‍ട്ടി നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. അധികാരത്തിന്റെ ബലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപെടുന്നുവെന്നും റിയല്‍ എസ്റ്റേറ്റ്-ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇത് സിപിഎമ്മില്‍ ശക്തനാവുന്ന പി ജയരാജന് വെച്ച കെണിയാണിതെന്നും സൂചനയുണ്ട്.
തുടര്‍ച്ചയായി അധികാരം ലഭിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.’തുടര്‍ച്ചയായി അധികാരം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ നമുക്ക് കഴിയണം. രാഷ്ട്രീയ അധികാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപെടുന്ന പ്രവണത നേരിട്ടും അല്ലാതെയും ഉണ്ട് എന്ന കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും പലയിടത്തുമുണ്ട്. പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പാലക്കാട് പ്ലീനം നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ കടന്നുവരുന്ന സ്ഥിതിയുണ്ട്. അവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിയണം’, പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കള്‍ ഉണ്ടെന്നും പ്രാദേശികമായ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ വിഭാഗീയതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ പരിശോധനകള്‍ അനിവാര്യമാണെന്നും സംസ്ഥാന സെന്ററില്‍ നിന്നുള്ള നേതാക്കള്‍ കീഴ്ഘടങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.
വിഭാഗീയതയില്‍ ഭയന്ന് സിപിഎം, സംഘടനാറിപ്പോര്‍ട്ടില്‍ ഏരിയാ കമ്മിറ്റികള്‍ക്കെതിരെ വിമര്‍ശനം
‘ഈ സമ്മേളനത്തിലും ചില പ്രശ്നങ്ങള്‍ പ്രാദേശികമായി ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് അതിലുള്ളത്. വിവിധ തരത്തിലുള്ള ഈ പരാതികളെല്ലാം ശരിയായ പരിശോധനയക്ക് വിധേയമാക്കാന്‍ കഴിയേണ്ടതുണ്ട്. ജില്ലകളിലെ പരാതികളെല്ലാം സംസ്ഥാന സെന്ററില്‍ നന്ന് ഒരു കൂട്ടം സഖാക്കള്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് പരിശോധന നടത്തി പ്രശ്നം പരിഹരിക്കും. വേണ്ടി വന്നാല്‍ കീഴ്ഘടങ്ങളിലും സംസ്ഥാന സെന്ററില്‍ നിന്നുള്ള സഖാക്കള്‍ പങ്കെടുത്തു കൊണ്ട് മെറിറ്റും, മൂല്യങ്ങളും കണക്കിലെടുത്ത് തീരുമാനമെടുക്കും. തെറ്റായി ഒഴിവാക്കപ്പെട്ടവരുടെയും വിഭാഗീയമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കും’, പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.