‘സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം’; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ആലപ്പുഴ: തപാല്‍ വോട്ടുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന് പിന്നാലെ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ജി സുധാകരന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിമര്‍ശനം. തപാല്‍ വോട്ട് തിരുത്തിയെന്ന പ്രസംഗം പാര്‍ട്ടിയെ മോശമാക്കാന്‍ വേണ്ടി നടത്തിയതാണെന്നും സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.

സുധാകരനെതിരെ പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു. വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തും. 36 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍വോട്ട് തിരുത്തിയെന്നായിരുന്നു സുധാകരന്റെ ഗുരുതര വെളിപ്പെടുത്തല്‍. പ്രസംഗത്തിന് പിന്നാലെ സമ്മര്‍ദത്തിലായ സുധാകരന്‍ പ്രസ്താവന മയപ്പെടുത്തിയെങ്കിലും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു സുധാകരനെതിരെ കേസെടുത്തത്.

ജി സുധാകരനെതിരെ പോസ്റ്റിട്ടതില്‍ എച്ച് സലാം എംഎല്‍എയ്‌ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ എച്ച് സലാം രംഗത്തെത്തിയിരുന്നു.

എംഎല്‍എ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ താന്‍ വ്യക്തിപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും അനാവശ്യങ്ങള്‍ പലപ്പോഴും പറയുമ്പോള്‍ പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തുകൊണ്ടോ പറയാന്‍ അറിയാത്തതുകൊണ്ടോ അല്ലെന്നുമായിരുന്നു എച്ച് സലാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം.

AlsoRed: ഓപ്പറേഷൻ സിന്ദൂർ; എംപിമാരുടെ പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *