രാഹുലിനെക്കുറിച്ചുള്ള ചോദ്യം ഇഷ്‌ടപ്പെട്ടില്ല; മാദ്ധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം

പാലക്കാട്: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷം. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തല വളരെ ശാന്തമായി സംസാരിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകരാണ് ബഹളമുണ്ടാക്കിയത്. എന്തുകൊണ്ട് ശബരിമല വിഷയത്തെക്കുറിച്ച് ചോദിക്കുന്നില്ല എന്നുപറഞ്ഞ് പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തു. പലരും ഉന്തുകയും തള്ളുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
രമേശ് ചെന്നിത്തലയെ സംസാരിക്കാൻ പോലും സമ്മതിക്കാതെയാണ് പ്രവർത്തകർ ഇടപെട്ടത്. ഇനി ചോദിക്കേണ്ട എന്ന് പറഞ്ഞാണ് പ്രവർത്തകർ കയ്യേറ്റം ചെയ്‌തത്. പിന്നീട് മറ്റ് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.അതേസമയം, ലൈംഗിക പീഡന പരാതികൾ വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
പല കോൺഗ്രസ് നേതാക്കളും ഇതേക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയുടെ തീരുമാനം തന്നെയാണ് തന്റെയും എന്നാണ് ഷാഫി പറമ്പിൽ എംപി പറഞ്ഞത്. വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനത്തെ ബാധിക്കില്ല. എന്റെ ധാരണകൾ എന്റെ അടുപ്പം ഇതൊന്നും കോൺഗ്രസിനെ ബാധിക്കില്ലെന്നും ഷാഫി പറഞ്ഞു.



