രാഹുല്‍ എവിടെയാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്ത വരുത്തണം; വി ശിവന്‍കുട്ടി

ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തണമെന്ന പരിഹാസവുമായി വി ശിവന്‍കുട്ടി. രാഹുല്‍ എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ ഒളിഞ്ഞിരിക്കുന്നതെന്ന് അറിയിച്ചാല്‍ മതി എന്നായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം.
മാന്യതയുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങണമെന്നും രാജിവച്ച് പുറത്തുപോകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആരോടും എന്തും വിളിച്ചുപറയാവുന്ന ഒരു സാമൂഹ്യമാധ്യമ സംസ്‌കാരം വളരുകയാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് തിരിച്ചെത്തിയതായി സൂചന. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് ലഭിച്ച നിയമോപദേശം പരിഗണിച്ചാണ് തിരികെ എത്തിയതെന്നാണ് നിഗമനം. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ പൊതുവേദികളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചതായും അറിയുന്നു.ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എംഎല്‍എയുടെ രണ്ട് വാഹനങ്ങള്‍ ഫ്‌ലാറ്റിലും പാര്‍ട്ടി ഓഫീസിലുമായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രാഹുല്‍ കേരളം വിട്ടെന്ന വിവരവും മുമ്പ് പുറത്ത് വന്നിരുന്നു



