കോണ്‍ഗ്രസ് പുനഃസംഘടന; സ്ഥാനമോഹികള്‍ നെട്ടോട്ടം തുടങ്ങി

ന്യൂഡൽഹി:കോണ്‍ഗ്രസിനെ അടിമുടി പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് എഐസിസിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നാണ് ഹൈക്കമാന്റിന് നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടന ഉടന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പിസിസി, ഡിസിസി നേതൃത്വത്തില്‍ പുനഃസംഘടന നടത്താന്‍ നിര്‍ദേശമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പുനഃസംഘടന വേഗത്തിലാക്കണമെന്നും ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും, തിരഞ്ഞൈടുപ്പില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുകയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താല്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. സുനില്‍ കനഗോലു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ ഐ സി സി നീങ്ങുന്നത്. ഈമാസം പുനഃസംഘടന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡല്‍ഹി എ ഐ സി സി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും, കെ പി സി സി അധ്യക്ഷനുമായും നേതൃത്വം ചര്‍ച്ചകള്‍ നടത്തും.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരായവരെമാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ഹൈക്കമാന്റ് നിര്‍ദേശം. പ്രവര്‍ത്തനരംഗത്ത് മികവുകാട്ടുന്നവരെ മാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവരിക, ജനകീയരെ മാത്രം തദ്ദേശതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക എന്നിയാണ് എ ഐ സി സി നിര്‍ദേശം. കേരളത്തിലെ കോണ്‍്ഗ്രസ് നേരിടുന്ന മുഖ്യവിഷയം ഗ്രൂപ്പിസമാണ്. രണ്ട് പ്രബലഗ്രൂപ്പുകളും, ഗ്രൂപ്പ് പരിഗണനയ്ക്കപ്പുറം നേതൃഗുണം മാത്രം പരിഗണിക്കുകയെന്നതാണ് നിര്‍ദേശമെങ്കിലും ജില്ലാ അധ്യക്ഷന്മാരെ പരിഗണിക്കുമ്പോള്‍ ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിക്കേണ്ടിവരും. പ്രവര്‍ത്തനരംഗത്ത് സജീവമല്ലാത്തവരെ ഗ്രൂപ്പിന്റെ പേരില്‍ നിര്‍ദേശിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്.
കെ പി സി സി ഭാരവാഹികളില്‍ ആരെയൊക്കെ നിലനിര്‍ത്തണം, ആരെയൊക്കെ ഒഴിവാക്കണമെന്ന് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവും. ഡല്‍ഹിയില്‍ എ ഐ സി സി ആസ്ഥാനത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയും ഭാരവാഹി പട്ടികയെക്കുറിച്ചാണ്. കെ പി സി സി യില്‍ ഭാഗികമായുള്ള പുനഃസംഘടനയും ഡി സി സി തലത്തില്‍ ഭാരവാഹി പട്ടികയില്‍ സമ്പൂര്‍ണ മാറ്റവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയും ഇതോടൊപ്പം തയ്യാറാക്കും. ത്രിതല പഞ്ചായത്തുകളിലേക്കും, മുനിസപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്.