കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ’കോൺഗ്രസ് പ്രതിഷേധം

തൃശ്ശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ പ്രതിഷേധം തുടരാൻ തീരുമാനിച്ച് കോൺഗ്രസ്. സുജിത്തിനെ തല്ലിയ പൊലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് മാർച്ച് നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല സുജിത്തിനെ ഇന്ന് നേരിട്ട് കാണും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ കണ്ട് മുന്നോട്ടുള്ള പോരാട്ടത്തിന് പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നയിക്കുമെന്നാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞത്. ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും നടത്തുന്നത്. ഇന്ന് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥൻ ശശിധരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥൻ സജീവന്റെ വീടിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുണ്ടകളെന്ന് ആലേഖനം ചെയ്ത പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. തിരുവോണദിനത്തിൽ തൃശൂർ ഡിഐജി ഓഫീസിന് മുമ്പിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക കൊലച്ചോറ് സമരവും സംഘടിപ്പിച്ചു. 

സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. 2023 ഏപ്രിൽ അഞ്ചിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കസ്റ്റഡിയില്‍ മര്‍ദനം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *