‘കെ സുധാകരനെ കറിവേപ്പില ആക്കി പുറത്തെടുത്തു കളഞ്ഞിരിയ്ക്കുന്നു കോൺഗ്രസ്’; പോസ്റ്റുമായി പത്മജ വേണുഗോപാൽ’

0

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുന്നുവെന്ന ചർച്ചകൾ ഉയർന്നപ്പോൾ ആ സ്ഥാനത്തേക്ക് വരുന്നുവെന്ന തരത്തിൽ ഉയർന്ന പേര് ആന്റോ ആന്റണിയുടേത് ആയിരുന്നു. എന്നാൽ ഇന്നാണ് പുതിയ അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള വാർത്തകൾ വന്നത്. ഇതോടെ ചർച്ചകൾ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. യുഡിഎഫിന്റെ നേതൃമാറ്റം സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ ഇതാ മുൻ ബിജെപി നേതാവും മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ പൂർണ്ണമായും കെ സി വേണുഗോപാൽ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് പുറത്ത് വന്ന പട്ടിക എന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. കെ പി സി സി അധ്യക്ഷൻ ആയി സണ്ണി ജോസഫിനെ നിയമിച്ച് ബാക് സീറ്റ് ഡ്രൈവ് ചെയ്യുക എന്നതാണ് കെ സി വേണുഗോപാലിന്റെ ലക്ഷ്യം എന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

മുഖ്യമന്ത്രി മോഹവുമായി കെ സി വേണുഗോപാൽ നടത്തുന്ന കരുനീക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ പൂർണ്ണമായും കെ സി വേണുഗോപാൽ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് പുറത്ത് വന്ന പട്ടിക. യു ഡി എഫ് കൺവീനറായി അടൂർ പ്രകാശ് , വർക്കിങ് പ്രെസിഡന്റുമാരായി അനിൽകുമാറും ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും അങ്ങനെ മൊത്തം ഒരു കെ സി മയം. കെ പി സി സി അധ്യക്ഷൻ ആയി സണ്ണി ജോസഫിനെ നിയമിച്ച് ബാക് സീറ്റ് ഡ്രൈവ് ചെയ്യുക എന്നതാണ് കെ സി വേണുഗോപാലിന്റെ ലക്‌ഷ്യം. ഇതിൽ ഏറ്റവും രസകരമായ മറ്റൊരു വസ്തുത കെ പി സി സി യെ നയിക്കാൻ പോകുന്നവർ എല്ലാം തന്നെ ജനപ്രതിനിധികൾ ആണ് എന്നതാണ്. നിരവധി മുതിർന്ന യോഗ്യരായ നേതാക്കൾ കോൺഗ്രസിൽ ഉണ്ടായിട്ടും അവരെ ഒന്നും പരിഗണിക്കാതെ കെ സി ബ്രിഗേഡിന് കേരളത്തിലെ കോൺഗ്രസിനെ കൈയടക്കിയിരിക്കുന്നു .

നേരിട്ട തെരഞ്ഞെടുപ്പുകളിൽ എല്ലാം കോൺഗ്രസിന് ജയം സമ്മാനിച്ച കെ സുധാകരനെ കറിവേപ്പില ആക്കി പുറത്തെടുത്തു കളഞ്ഞിരിയ്കുന്നു കോൺഗ്രസ്. ആദ്യം ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നിന്ന് താൻ വലിയ രാഷ്ട്രീയ തന്ത്രജ്ഞൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്തു. പിന്നീട് സംഭവിച്ചതൊക്കെ നമ്മൾ കണ്ടതാണ്, ഏതൊക്കെ സംസ്ഥാനങ്ങളിൽ ഭരണം പിടിയ്ക്കാൻ ഇയാളെ ഏൽപ്പിച്ചോ, ആ സംസ്ഥാനങ്ങളിൽ എല്ലാം ഭരണം ബി ജെ പി യെ ഏൽപ്പിച്ച് പട്ടി ചന്തയ്ക്ക് പോയത് പോലെ ഡൽഹിയിൽ തിരിച്ചെത്തി. ഇനി ഡൽഹിയിൽ നിന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെന്നും അടുത്തെങ്ങും കോൺഗ്രസിന് അധികാരം ലഭിക്കാൻ പോകുന്നില്ലെന്നും മനസ്സിലായത് കൊണ്ടാണ് ഇപ്പോൾ ഈ കളം മാറ്റി ചവിട്ടൽ. കേരളത്തിലേക്ക് തിരികെ വരാൻ നടത്തുന്ന നീക്കങ്ങളിൽ കെ സി വേണുഗോപാൽ ആരുടെ ഒക്കെ ചിറകാണ് അരിയാൻ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

ഉമ്മന്‍ ചാണ്ടി ശിഷ്യര്‍ ഒരുമിച്ച് നേതൃപദവിയിലേക്ക്; വിഷ്ണുനാഥിനും ഷാഫിക്കും ഒരേ പദവി നല്‍കി ഹൈക്കാന്‍ഡ്

LEAVE A REPLY

Please enter your comment!
Please enter your name here