സിനിമ കോൺക്ലേവ് വേദിയിലെ പരാമർശം; അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി

സിനിമ കോൺക്ലേവ് വേദിയിലെ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. മ്യൂസിയം പോലീസ് സ്റ്റേഷനിലും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലുമാണ് പരാതി നൽകിയത്. പൊതുപ്രവർത്തകൻ ദിനു വെയിൽ ആണ് പരാതി നൽകിയത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

ആയിരക്കണക്കിന് വർഷം പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് നീതി ഉറപ്പാക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്‍റിന് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പട്ടികജാതിക്കാർക്കും സ്ത്രീകൾക്കും അവരുടെ സർഗാത്മ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നതിൽ ഒരു തെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു. പണച്ചെലവുള്ള സർഗാത്മക ആവിഷ്കാരമാണ് സിനിമ. അതിനുള്ള സാമ്പത്തിക പിന്തുണ നൽകുന്നത് ഉചിതമായ നടപടിയാണ്. സ്ത്രീകളും പട്ടികജാതിക്കാരുമൊക്കെ തങ്ങളുടെ അധ്വാനം കൊണ്ട് സമൂഹത്തിന് ഏറെ സംഭാവന നൽകുന്നവരാണ്.

സിനിമാ മേഖലയിൽ ഉൾപ്പടെ ഏറെ ശോഭിക്കാൻ കഴിയുന്നവർ കൂടിയാണ് അവർ. അതുകൊണ്ട് സാംസ്കാരിക വകുപ്പ് നടപ്പാക്കി വരുന്ന ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഫണ്ട് ഉപയോഗിച്ച് വനിതാ സംവിധായകർ ചെയ്ത നാല് സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതെല്ലാം ശരിയായി കണ്ടിരുന്നെങ്കിൽ അടൂർ ഇത്തരം അഭിപ്രായം പറയില്ലായിരുന്നുവെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ക്യാമറയുടെ നോട്ടം പൊതുവിൽ പുരുഷനോട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതിന് ബദൽനോട്ടം ഉണ്ടാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

സർവ്വകലാശാല വിഷയത്തിലും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഗവർണറുമായുള്ള ചർച്ചയിൽ പോസിറ്റീവായ പുരോഗതിയുണ്ട്. ചർച്ചകൾ തുടരുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി പ്രശ്നമുണ്ടെങ്കിൽ പരിഹാരവും ഉണ്ടാകുമെന്നും ഉറപ്പു നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്.കഴിഞ്ഞ നാലുവർഷം കൊണ്ട് 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചിട്ടുണ്ട്. അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഇതിന്‍റെയൊക്കെ പ്രതിഫലനം ക്യാമ്പസുകളിൽ കാണുന്നുമുണ്ട്. ആ നിലവാരം കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകാനാകണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *