സിപിഎം പ്രാദേശിക നേതാവിനെതിരായ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും പാർട്ടിയും ശ്രമിക്കുന്നതായി പരാതിക്കാരി

റാന്നി: സിപിഎം പ്രാദേശിക നേതാവിനെതിരായ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും പാർട്ടിയും ശ്രമിക്കുന്നതായി പരാതിക്കാരി. പത്തനംതിട്ട റാന്നി സിപിഎം ഏരിയ കമ്മിറ്റി അംഗം അലൻ മാത്യുവിനെതിരായാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് യുവതി പൊലീസിൽ പരാതി നൽകിയത്. കേസെടുത്തെങ്കിലും പൊലീസും സിപിഎം നേതൃത്വവും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് പരാതിക്കാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
എസ്‌പി വഴി നൽകിയ പരാതി പോലും പൊലീസ് അവഗണിച്ചു. എല്ലാം പാർട്ടി നിർദേശപ്രകാരമായിരുന്നു. ആത്മഹത്യയ്‌ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിലായ ശേഷമാണ് കേസെടുത്തത്. പാർട്ടി നേതാക്കൾ പോലും ഇടപെട്ടാണ് വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകിയത്. എന്നാൽ അലൻ മാത്യു പിന്മാറിയിട്ടും ആരും ഇടപെട്ടില്ല’- യുവതി പറഞ്ഞു.വിവാഹ വാഗ്ദാനം നൽകി അലൻ മാത്യു പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. മുൻ എംഎൽഎ ഉൾപ്പെടെ കേസിൽ ഇടപെട്ടുവെന്നും അവർ പറഞ്ഞു.
വിവാഹം നടത്താമെന്ന് പാർട്ടിക്കാരടക്കം പറഞ്ഞിരുന്നു. രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതിനിടെയാണ് യുവതിയുടെ ഗർഭം അലസിയത്. ഇതോടെ ഇനി പേടിപ്പിക്കാൻ എന്താണുള്ളത് എന്ന് ചോദിച്ച് അലൻ മാത്യു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.ഒരു തരത്തിലുമുള്ള നീതി തനിക്ക് ലഭിച്ചില്ലെന്നും അലൻ പിന്മാറിയപ്പോൾ പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നീട് കളക്‌ടറെ ഉൾപ്പെടെ യുവതി സമീപിച്ചു. അതേസമയം, ആരോപണം വന്നപ്പോൾ തന്നെ അലനെ പാർട്ടി കൈവിട്ടെന്നായിരുന്നു പ്രാദേശിക നേതൃത്വം നൽകിയ വിശദീകരണം.



