ബിജെപി ഓഫീസില്‍ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍

തിരുവനന്തപുരം: ബിജെപി ഓഫീസില്‍ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്. ബിലീവേഴ്‌സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം.
ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. ജയിലിലായി ഒമ്പതാം ദിവസമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. വിഷയത്തില്‍ സഭയ്ക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. ബിജെപിയെ വിമര്‍ശിച്ചും പിന്തുണച്ചും വിവിധ സഭകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് കേക്ക് മുറിച്ചുള്ള ആഘോഷം.
കന്യാസ്ത്രീകളെ ജയിലിലടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇരിങ്ങാലക്കുട രൂപത ഇടയലേഖനമിറക്കിയിരുന്നു. ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരെയും നിയന്ത്രിച്ച് നിര്‍ത്തുവാനുള്ള രാഷ്ട്രീയ നിഗൂഢ അജണ്ട തിരിച്ചറിയണമെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിസ്റ്റര്‍മാരുടെ മോചനത്തിനായി യാതൊരു തരത്തിലുമുള്ള ഇടപെടലുകള്‍ കേന്ദ്രമോ, ചത്തീസ്ഗഡ് സര്‍ക്കാരോ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ് എന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിയെയും സംഘപരിവാര്‍ സംഘടനകളെയും രൂക്ഷമായി വിമര്‍ശിച്ച് ദീപികയും മുഖപ്രസംഗം എഴുതിയിരുന്നു. ബജ്രംഗ് ദള്‍ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശര്‍മ്മയ്‌ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല എന്നും ‘ദീപിക’ വിമര്‍ശിക്കുന്നു.
എന്നാല്‍ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് വാക്ക് പാലിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.
ഓഗസ്റ്റ് രണ്ടിനാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.