വിവാദങ്ങള്‍ക്കിടെ ഗവര്‍ണറെ കാണാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ രാജ്ഭവനില്‍ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഗവര്‍ണറും മുഖ്യമന്ത്രിയും. ഞായറാഴ്ച വൈകിട്ട് 3.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സര്‍വകലാശാല തര്‍ക്കത്തിന് ഇടയിലാണ് കൂടിക്കാഴ്ച. വിവാദ വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം.

അതിനിടെ താൽക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ ഒരുങ്ങുന്നുവെന്നാണ് വിവരം. താൽക്കാലിക വി സി നിയമനത്തിൽ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കുന്നതിന് അപ്പീലിൽ ആവശ്യപ്പെട്ടുകൊണ്ടാണ് ശ്രമം. എന്നാൽ സർവകലാശാലകളിലെ മറ്റ് വിഷയത്തിൽ സർക്കാരുമായി ഒത്തു പോകാനാണ് ഗവർണറുടെ തീരുമാനം.മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്തുളള ചർച്ചകളിലാണ് സമവായം രൂപപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. വൈസ് ചാന്‍സലര്‍മാര്‍ക്ക് സർവകലാശാലകളിൽ സുപ്രധാന പങ്കുണ്ടെന്നും വി സിമാര്‍ സര്‍വകലാശാലാ താൽപര്യം സംരക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. താൽക്കാലിക വി സി നിയമനം താൽക്കാലിക സംവിധാനം മാത്രമാണ്. താൽക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ല. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *